Tuesday, January 3, 2012

അറിയുക നീ

നീയെന്നെ അറിയുന്നതും കാത്ത് ഞാന്‍
കാതോര്‍ത്തിരിപ്പൂ ഈ ഭൂവില്‍
നിന്റെ കാതോരമെത്താനായ്
കാറ്റിന്‍ ചുമലേറി നടപ്പൂ ഞാന്‍
നിന്റെ ഗന്ധത്തിനായെന്‍ മനസ്സു പിടയുമ്പോള്‍
അറിയുന്നു ഞാന്‍... ഇല്ല, നീയെന്നെ അറിഞ്ഞില്ല
എന്റെ മാനസം പാറിപ്പറക്കുകയാണിന്നും
നിന്റെ ഭാവപ്പകര്‍ച്ച കാണുവാന്‍
എന്റെ സ്വപ്നങ്ങള്‍, എന്റെ ആത്മാവില്‍ പകര്‍‌ത്തുമീ
നനുത്ത സുഖത്തെ ആസ്വദിപ്പൂ ഞാന്‍
ഞാന്‍, ഞാനെന്നൊരീ ഞാന്‍
സ്നേഹിപ്പൂ ഈ സ്വപ്ന മഞ്ചത്തെ
എന്റെ ഈ ആലസ്യത്തെ
കാരണം മറ്റൊന്നുമല്ല
നിന്നിലേക്കെത്തുവാന്‍ ദൂരമില്ലെന്നൊരെന്‍
ഉള്‍‌വിളിയെ സ്നേഹിപ്പൂ ഞാന്‍
എന്നെ അറിയുക നീ
നിലക്കാത്ത സ്നേഹപ്രവാഹത്തെ അറിയുക
ഞാനായിരുന്നു, നീയില്ലാതെ അപൂര്‍ണ്ണയായൊരു ഞാന്‍

Wednesday, December 14, 2011

മനസ്സിന്റെ താളുകളില്‍

താളുകള്‍ ഏടുകളായി മാറിയതറിഞ്ഞപ്പോള്‍
അകതാരില്‍ തോന്നിയൊരാഗ്രഹത്താല്‍
പിന്നിട്ടൊരാ താളുകള്‍ മറിച്ചു നോക്കി ഞാന്‍
താളുകള്‍ മറിക്കുമ്പോള്‍ എന്തേ ഈ അപശ്ശബ്ദം
താളുകളിലുറങ്ങും വാക്കുകള്‍ക്കെന്തിത്ര അവ്യക്തത
മൂകമായ് ചിന്തിച്ചു കണ്ടെത്തിയൊരുത്തരമിതാ
മനസ്സേ.........
നിന്റെ വയസ്സേറെയായ്
നിന്റെ കൈകള്‍ വിറക്കുന്നു
നിന്റെ മിഴികള്‍ മങ്ങുന്നു
നിന്റെ ഓര്‍മകളില്‍ മാത്രം ചിതലരിച്ചില്ല

Tuesday, July 12, 2011

ഉണ്ണീ നിനക്കായ്

കാലത്തിന്‍ കയ്പുനീര്‍ ഭക്ഷിച്ചു
ശോഷിച്ചു പോയൊരെന്‍ ഹൃദയമേ
ആളിപ്പടരുകയാണോ ഹൃദയമിന്നും
ഒരു ഉണ്ണിക്കിടാവിന്നോര്‍മ്മയില്‍
ജനിക്കാന്‍ മടിക്കുന്നതെന്തിനുണ്ണീ
നീയീ അമ്മതന്‍ ഗര്‍ഭപാത്രത്തില്‍
നിനക്കുവേണ്ടി ചുരത്തുന്ന പാലെല്ലാം
വറ്റിപ്പോകുന്നീ കൊടും ചൂടിനാല്‍
വെയില്‍ മായുന്നതും മഞ്ഞു വീഴുന്നതും അറിയാതെ
നിന്റെ ചുടുനിശ്വാസത്തിനായ് കാത്തിരിപ്പൂ ഞാന്‍
ഇല്ലില്ല... ഈ തീയണയില്ല...
നീ വരുന്നൊരാ നേരം വരേയും.

Sunday, July 10, 2011

എന്റെയുള്ളില്‍

എന്റെയുള്ളില്‍ വിരിയുന്ന പൂക്കള്‍ക്ക്
എന്തിത്ര സൗരഭ്യമില്ലാതെയായ്
എന്റെയുള്ളില്‍ പറക്കുന്ന ശലഭങ്ങള്‍ക്ക്
എന്തിത്ര ആയുസ്സുമില്ലാതെയായ്
എന്റെയുള്ളില്‍ കിനിയുന്ന തേനിനു
എന്തിത്ര മാധുര്യമില്ലാതെയായ്
ഓര്‍ത്തു പാടുകില്‍ ചിറകറ്റ സ്വപ്നത്തിന്‍
മാറ്റൊലി മാത്രമായ് മാറുന്നു ജീവിതം